ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

        ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലം മുതലുള്ള ചരിത്രം മാത്രമേ പുതുശ്ശേരിയെപ്പറ്റി ലഭ്യമാകുന്നുള്ളൂ. വട്ടപ്പാറയിലെ ടിപ്പുസുല്‍ത്താന്റെ ഇടത്താവളവും, പുതുശ്ശേരിയിലെ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രവും, കഞ്ചിക്കോട് ശിവക്ഷേത്രവും ചരിത്രപ്രാധാന്യം ഏറെയുള്ളതാണ്. പുരാതനകലകളായ മാര്‍ക്കണ്ഡേയപുരാണം, ആര്യമാല, തോല്‍പ്പാവക്കൂത്ത്, മുളക്കൊട്ട്, നല്ലമ്മപ്പാട്ട്, കണ്യാര്‍കളി, കുമ്മാട്ടി, കുംഭക്കളി, പൊറാട്ടുനാടകം, മലമ, കോലംകളി തുടങ്ങിയ കലകള്‍ നൂറ്റാണ്ടുകളായി ഇവിടെ പ്രചാരത്തിലുണ്ട്. പുതുശ്ശേരിയില്‍ ആദ്യത്തെ സ്കൂള്‍ സ്ഥാപിതമാവുന്നത് 1901 ലാണ്. അതിനുശേഷമാണ് കഞ്ചിക്കോട് സ്കൂള്‍ സ്ഥാപിച്ചത്. 1964-ലാണ് ഇത് ഹൈസ്കൂളാക്കിമാറ്റിയത്. ഔഷധനിര്‍മ്മാണരംഗത്തേക്ക് കടന്നുവന്ന കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി, അവരുടെ ചികിത്സാകേന്ദ്രവും ഇവിടെ 1937-ല്‍ തുടങ്ങുകയുണ്ടായി. ഈ മേഖലയിലെ ആദ്യത്തെ സര്‍ക്കാര്‍ സ്ഥാപനം കഞ്ചിക്കോട് ഗവ: ആയുര്‍വ്വേദ ഡിസ്പെന്‍സറിയാണ്. വസ്ത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ടെക്സ്റ്റല്‍ മില്‍ 1964-ലാണ് ഇവിടെ തുടങ്ങുന്നത്. പഞ്ചായത്തിലെ ആദ്യത്തെ കേന്ദ്ര പൊതുമേഖലാസ്ഥാപനമാണ് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്. അതിനുശേഷം വന്ന പൊതുമേഖലാസ്ഥാപനങ്ങളാണ് ഐ.ടി.ഐ, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവ. 1979-ല്‍ സംസ്ഥാന പൊതുമേഖലയില്‍ സ്ഥാപിതമായ മലബാര്‍ സിമന്റ്സ് സര്‍ക്കാറിന്റെ കീഴിലുള്ള സിമന്റ് നിര്‍മ്മാണകേന്ദ്രമാണ്. കാംകോയും കേരളത്തിലെ പഞ്ചായത്തുകളുടെ സംയുക്തസംരംഭമായ ഗ്രാമലക്ഷ്മി മുദ്രാലയവും സഹകരണമേഖലയില്‍ ആരംഭിച്ച റെയ്ഡ്കോ തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഫ്ളൂയിഡ് കണ്‍ട്രോള്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. പുതുശ്ശേരി പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന സ്കൂള്‍ പുതുശ്ശേരിയിലുള്ള എസ്.വി.എസ്.എം യു.പി.സ്കൂളാണ്. കഞ്ചിക്കോട് ഹൈസ്കൂള്‍ 1990-ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളാക്കി ഉയര്‍ത്തപ്പെട്ടു. വിവിധ ഹൈന്ദവവിഭാഗങ്ങളുടേതായ ക്ഷേത്രങ്ങളും ഇസ്ളാംമത വിഭാഗത്തിന്റേതായ മദ്രസ്സകളും നമസ്കാരപള്ളികളും ക്രിസ്തുമതത്തിലെ വിവിധ സഭകളുടെ ദേവാലയങ്ങളുമുണ്ട്. പുതുശ്ശേരി ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ വെടിയുത്സവം പരക്കെ പ്രസിദ്ധമാണ്. കഞ്ചിക്കോട് മാരിയമ്മന്‍ ക്ഷേത്രത്തിലും, കൊളയക്കോടും തോല്‍പാവക്കൂത്തും നടന്നുവരുന്നു.